ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് നടന്റ് ഹർജി പരിഗണിച്ചത്.
ജനപ്രീതിയുള്ള നടനായതിനാൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരത്തിന് ഒരിടത്തും പോകാൻ പാടില്ലെന്ന തരത്തിൽ നിയന്ത്രണങ്ങൾ വയ്‌ക്കാൻ സാധിക്കില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പ്രഥമദൃഷ്ടിയാൽ ഇപ്പോൾ പറയാൻ കഴിയില്ല. അതിനാൽ അല്ലുവിന് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് തങ്ങൾക്കെല്ലാവർക്കും സഹതാപമുണ്ട്. എന്നാൽ അതിന്റെ കുറ്റം അല്ലു അർജുന്റെ മേൽ ചുമത്താൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. അതിനാൽ താത്കാലികമായി ഇടക്കാല ജാമ്യം താരത്തിന് അനുവദിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അർജുന്റെ ജൂബിലി ഹൗസിലെ വസതിയിലെത്തി താരത്തെ അറസ്റ്റ് ചെയ്തത്. സന്ധ്യ തിയേറ്ററിലെത്തിയ താരത്തെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിലാണ് അല്ലുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
തിയേറ്ററിലേക്ക് എത്തുന്ന കാര്യം തിയേറ്റർ അധികൃതരെ നേരത്തെ അറിയിച്ചിരുന്നുവെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് അപകടകാരണമെന്നും അല്ലുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.