തിരുവനന്തപുരം: ആര്യനാട് സ്‌കൂൾ ബസ് മരത്തിലിടിച്ച് അപകടം. കൈരളി വിദ്യാഭവനിലെ സ്‌കൂൾ ബസാണ് മരത്തിലിടിച്ചത്. അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വൈകിട്ട് സ്‌കൂൾ വിട്ട സമയത്താണ് അപകടം.
പള്ളിവേട്ട കുടുവാക്കുഴിയിൽ മുസ്ലീം പള്ളിക്ക് സമീപത്തുള്ള മരത്തിലാണ് നിയന്ത്രണം വിട്ട ബസ് ഇടിച്ചത്. വലതുവശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഒരു കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിദ്യാർത്ഥിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നും ഇവർ ആര്യനാട് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.