തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തിയപ്പോൾ കൂവിയതിന് ഒരാൾ പിടിയിൽ. തിരുവനന്തപുരം കനകക്കുന്നിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. റോമിയോ രാജൻ എന്ന വ്യക്തിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിനായി വേദിയിലേക്ക് നടന്നുവരികയായിരുന്നു മുഖ്യമന്ത്രി. പൊലീസുകാരും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് സദസിൽ നിന്ന് യുവാവ് കൂവിയത്. യുവാവിനെ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഉടൻ തന്നെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കി.
ഇതിനിടെ പൊലീസിന് പിടികൂടാനായി യുവാവിന്റെ സമീപത്ത് നിന്ന വോളന്റിയർമാരും കാണികളും ഇയാളെ പിടിച്ചുവെച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. ഇയാളെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്തിനാണ് കൂവിയതെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. ഇയാൾ ഏതെങ്കിലും സംഘടനയിൽ പെട്ട ആളാണോ എന്നുൾപ്പെടെ അന്വേഷിക്കും.
ഇയാളുടെ കൈയ്യിൽ ഡെലിഗേറ്റ് പാസ് ഉണ്ടായിരുന്നില്ല. 2022 ലെ പാസായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.