ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്കാരമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഭരണഘടനയുടെ 75ാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടയാണ് മന്ത്രിയുടെ പ്രസ്താവന. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുവും പാഴ്സിയും ജെയിനും കടുത്ത അതിക്രമം നേരിടുന്നതിനിടെയാണ് മന്ത്രിയുടെ വാക്കുകൾ പ്രസക്തമാകുന്നത്.
ന്യൂനപക്ഷ സംരക്ഷണത്തിന് ഭാരതം സ്വീകരിച്ചുവരുന്ന നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു വിധത്തിലുള്ള കടന്നുകയറ്റവും ഭാരത്തിലേ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടിയിട്ടില്ല. വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം നിലവിലുള്ള ഏകരാജ്യമാണ് ഭാരതം. മുസ്ലീങ്ങളോ, സിഖുകാരോ, ക്രിസ്ത്യാനികളോ, ബുദ്ധമതക്കാരോ, പാർസികളോ, ജൈനരോ ആകട്ടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പിന്തിരിപ്പൻ മനോഭാവത്തെ രൂക്ഷമായ ഭാഷയിലാൺ റിജിജു വിമർശിച്ചത്. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ കോൺഗ്രസ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. അത് അവരുടെ ലക്ഷ്യവുമല്ല. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് രാജ്യത്തിന് ശരിയായ കാഴ്ചപ്പാട് പോലും രൂപപ്പെട്ടത്, മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയിൽ മറുപടി നൽകുമെന്നാണ് സൂചന.















