എറണാകുളം: മംഗളവനത്തിൽ കണ്ടെത്തിയ മൃതദേഹം തിഴ്‌നാട് സ്വദേശിയുടേതെന്ന നിഗമനത്തിൽ പൊലീസ്. ഇയാൾ നഗ്നനായി സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച ശേഷം വസ്ത്രങ്ങൾ ധരിക്കാതെ അലഞ്ഞുതിരിയും. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ ഇയാളുമായി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
മദ്യപിച്ച ശേഷം ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കമ്പികളിലേക്ക് വീണതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. മറ്റ് ദുരൂഹതകളൊന്നും ഇയാളുടെ മരണത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
മലദ്വാരത്തിലൂടെ കമ്പി കുത്തികയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലിന്റെ തുടയിലും കമ്പി കുത്തിയതിന്റെ മുറിവുണ്ട്. ശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
ഇയാളുടെ പേര് വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ല. രാവിലെ എൻഐഒ കെട്ടിടത്തിന്റെ ഗേറ്റിലേക്കെത്തിയ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.















