സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അംഗങ്ങൾ ഉൾപ്പടെ പ്രസിഡന്റിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പാർലമെന്റ് അംഗങ്ങളിൽ 58 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തത്. മൂന്ന് നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ എട്ട് വോട്ടുകൾ അസാധുവാകുകയും ചെയ്തു. ഇംപീച്ച് ചെയ്യപ്പെട്ടതിനാൽ പ്രസിഡന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും റദ്ദായി. യൂൻ സുക് യോൾ തൽസ്ഥാനത്ത് തുടരണമോയെന്നത് ഭരണഘടനാ കോടതി വിധി അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.
കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ വിവാദമായ പട്ടാളനിയമം ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കടുത്ത സംഘർഷാവസ്ഥയിലേക്ക് മാറിയിരുന്നു. ഭരണകക്ഷി അംഗങ്ങൾ തന്നെ പ്രസിഡന്റിനെതിരെ രംഗത്തുവന്നതോടെ പട്ടാള നിയമം പിൻവലിക്കേണ്ടി വന്നു. 6 മണിക്കൂർ മാത്രമായിരുന്നു നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. വിവാദ നിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ കടുപ്പിച്ചു. പട്ടാളനിയമം പ്രഖ്യാപിച്ച യൂൻ സുക് യോൾ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും എത്രയും വേഗം സ്ഥാനമൊഴിയണമെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിന് തയ്യാറാകാതെ വന്നതോടെ ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു.
ആദ്യ തവണ പ്രമേയം അവതരിപ്പിച്ചപ്പോൾ, ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് പ്രസിഡന്റ് കഷ്ടിച്ച് തലയൂരി. എന്നാൽ വിട്ടുനൽകാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. ഏതാനും ദിവസങ്ങൾക്കിപ്പുറം വീണ്ടും പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിലാണ് പ്രസിഡന്റിന്റെ കസേര തെറിച്ചത്. പാർലമെന്റ് അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പിന്തുണച്ചാൽ പ്രമേയം പാസാകും. ഇത്തവണ 300ൽ 204 പേരും ഇംപീച്ച്മെന്റ് നടപടി പിന്തുണച്ചതിനാൽ പ്രസിഡന്റ് പുറത്താവുകയായിരുന്നു.
പ്രസിഡന്റ് യൂൻ സുക് യോളിന് അധികാരം നഷ്ടമായതിനാൽ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആണ് ഇടക്കാല പ്രസിഡന്റ്. യൂൻ സൂക്കിന്റെ പുറത്താകൽ ഭരണഘടനാ കോടതി ശരിവെക്കുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകുക. 180 ദിവസത്തിനുള്ളിൽ കോടതി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി ഇംപീച്ച്മെന്റ് ശരിവച്ചാൽ ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂൻ സുക് യോൾ. തുടർന്ന് 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കും.