തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ് വൺ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചില സ്വകാര്യ ഓൺലൈൻ ട്യൂഷൻ ചാനലുകളിലൂടെയാണ് ചോദ്യപേപ്പർ ചോർന്നതെന്നും ഇത് ഗൗരവമായ വിഷയമാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്തുമസ് ചോദ്യപേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് ഉത്തരവാദികളായ ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എസ്എസ്എൽസി ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നത് പോലെ, ക്രിസ്തുമസ്, ഓണം പരീക്ഷകളുടെ ചോദ്യപേപ്പർ ട്രഷറിയിലൊന്നും സൂക്ഷിക്കേണ്ട കാര്യമില്ല. സാധാരണഗതിയിൽ നടന്നുപോകുന്നൊരു പരീക്ഷയാണിത്. കുട്ടികളുടെ വിജയത്തെയും തോൽവിയെയൊന്നും ബാധിക്കുന്ന പ്രശ്നമല്ലിത്.
ട്യൂഷൻ സെന്ററുകളിൽ കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിന് വേണ്ടിയും തങ്ങളുടെ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രശസ്തി കിട്ടുന്നതിനും വേണ്ടിയുമാണ് ചിലർ ഇത് ചെയ്തത്. വിഷയം അതീവ ഗൗരവമായി തന്നെ കാണും. സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കാൻ പോകുന്ന സർക്കാർ സ്കൂളിലെ അദ്ധ്യാപകർക്ക് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടാകാം.
മുൻകാലങ്ങളിലെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി വിഷയം അന്വേഷിക്കും. അദ്ധ്യാപകർ സർക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ട്, സ്വകാര്യ കച്ചവട കമ്പനികളുമായി സഹകരിച്ച് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാൽ ഒരു കാരണവശാലും അത് വച്ചുപൊറുപ്പിക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, ആരോപണങ്ങൾക്ക് പിന്നിൽ എതിരാളികളാണെന്നാണ് ആരോപണം നേരിടുന്ന സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമായ എംഎസ് സൊല്യൂഷൻസിന്റെ വാദം.