ന്യൂഡൽഹി: പരാജയം നേരിടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺഗ്രസെന്ന് വീണ്ടും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ഭരണഘടനാ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ കളങ്കം മായ്ച്ചുകളയാൻ കോൺഗ്രസിന് ഒരിക്കലും സാധിക്കില്ലെന്നും ഭരണഘടനയെ ആക്രമിക്കുന്നതിൽ പിതാവിന്റെ വഴിയെ സഞ്ചരിച്ചവരാണ് ഇന്ദിരയെന്നും മോദി വിമർശിച്ചു.
ഷാബാനു കേസിലെ രാജീവിന്റെ ഇടപെടലും ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനവും രാജ്യത്തിനുണ്ടാക്കിയ കളങ്കം മോദി എടുത്തുപറഞ്ഞു. നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുകയാണ്. 25 വർഷം തികഞ്ഞ സമയത്ത്, അടിയന്തരാവസ്ഥ ഉപയോഗിച്ച് രാജ്യത്തെ തന്നെ ഒരു ജയിലാക്കി മാറ്റുകയും പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്തു. ഇതെല്ലാം ഒന്നു തിരിഞ്ഞുനോക്കിയാൽ നമുക്ക് കാണാം. കോൺഗ്രസ് എത്രശ്രമിച്ചാലും അത് മായ്ച്ചുകളയാനാകില്ല. ഭരണഘടനയെക്കുറിച്ച് ചർച്ച നടക്കുമ്പോഴെല്ലാം അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുമെന്നും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനയിൽ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് പോലും അസാധുവായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതോടെ കസേര നഷ്ടപ്പെടാതിരിക്കാൻ അവർ അടിയന്തരാവസ്ഥ കൊണ്ടുവന്നു. അവർ ഭരണഘടനയെ ചൂഷണം ചെയ്തു. അനീതിയുടെ കാലമായിരുന്നു അത്. നൂറുകണക്കിന് പേർ ജയിലിലായി. ജനങ്ങൾ പറയുന്നത് കേൾക്കാൻ പോലും വിവേകശൂന്യരായ സർക്കാർ തയ്യാറായില്ല. ഇന്ദിരയുടെ മകൻ രാജീവ് വോട്ടുബാങ്കിന് വേണ്ടി ഷാബാനു കേസ് വിധി നിയമനിർമാണത്തിലൂടെ അട്ടിമറിച്ചു. നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീയെ സഹായിക്കേണ്ടതിന് പകരം തെറ്റുകാരെ പിന്തുണയ്‌ക്കുകയാണ് രാജീവ് ചെയ്തത്.
പാർട്ടിയുടെ ഭരണഘടന പോലും അനുസരിച്ചവരല്ല കോൺഗ്രസുകാർ. സംസ്ഥാന യൂണിറ്റുകൾ സർദാർ പട്ടേലിനെ പിന്തുണച്ചപ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് നെഹ്റുവിന് സ്ഥാനം നൽകിയവരാണ്. നെഹ്റു അത് തുടങ്ങിവച്ചു. ഇന്ദിര അത് മുന്നോട്ടുനയിച്ചു. രാജീവിനും അതിന്റെ രുചി പകർന്നുനൽകി. അടുത്ത തലമുറയ്‌ക്കും മാറ്റമുണ്ടാകാൻ പോകുന്നില്ല.
ഒരിക്കൽ രക്തത്തിന്റെ രുചി അവർ അറിഞ്ഞപ്പോൾ അത് വീണ്ടും വീണ്ടും രുചിച്ച് നോക്കണമെന്നായി. ഭരണഘടനയെ ആക്രമിക്കുകയെന്ന കോൺഗ്രസിന്റെ പാരമ്പര്യം ഗാന്ധികുടുംബത്തിന്റെ പുതിയ തലമുറ നടപ്പിലാക്കുന്നു. തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ അംഗീകരിക്കാതെ അത് ചോദ്യം ചെയ്യുന്നവരാണ് ഗാന്ധികുടുംബത്തിന്റെ പുതിയ തലമുറയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.















