പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖിൽ, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നവദമ്പതികളായ അനുവും നിഖിലും മധുവിധു ആഘോഷത്തിനായി മലേഷ്യയിലേക്ക് പോയിരുന്നു. ഇവരെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് കാർ അപകടത്തിൽ പെട്ടത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങൾ തന്നെയാണ് മരിച്ചത്.
അനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.















