കാസർകോട്: വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൂട്ടയടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് പുങ്ങൻചാലിലാണ് സംഭവം. അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ആറ് പേർക്ക് പരിക്കേറ്റു. നാല് പേരെ ജില്ലാ ആശുപത്രിയിലും രണ്ട് പേരെ മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചു നാളുകളായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
നടുറോഡിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കമ്പുകൾ ഉപയോഗിച്ച് പരസ്പരം പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിൽ ഉളളത്. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ തല്ലാൻ മുൻപിലുണ്ട്.
ഇതിൽ ഒരാളുടെ പറമ്പിലൂടെ വഴിക്ക് വീതി കൂട്ടാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമെന്നാണ് വിവരം. കെട്ടിട നിർമാണത്തിനായി സാധനങ്ങൾ ഇറക്കാനാണ് റോഡിന് വീതി കൂട്ടാൻ ശ്രമിച്ചതെന്നാണ് മറുപക്ഷത്തിന്റെ വാദം. കൂട്ടത്തല്ലിനിടെ കണ്ടു നിന്നവർ രണ്ട് കൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ കൂടുതൽ പേർ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയായിരുന്നു.















