പത്തനംതിട്ട: കൂടലിന് സമീപം മുറിഞ്ഞകല്ലിൽ, നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. കാർ ഓടിച്ചയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിലവിൽ മനസിലാക്കാൻ സാധിക്കുന്നതെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ മോട്ടോർ വാഹന ഇൻസ്പെക്ടർ വിനോദ് കുമാർ പറഞ്ഞു. റോഡിന്റെ എതിർവശത്തിൽ നിന്നും കാർ വന്ന് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് മനസിലാകുന്നത്. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് മാത്രമേ പറയാനാവുകയുള്ളൂ.
2013 മോഡൽ വാഹനമാണ് അപകടത്തിൽപെട്ടത്. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്ന് വാഹനം പരിശോധിച്ചാൽ മാത്രമേ
വ്യക്തമാവൂ. ശബരിമല തീർത്ഥാടനം നടക്കുന്നത് കൊണ്ട് തന്നെ അടിയന്തരമായ നടപടികൾ സ്വീകരിക്കും. ഉന്നതാധികാരികളുമായി സംസാരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനമോടിച്ച ആളുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവസ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു. ഇന്ന് രാവിലെ നാല് മണിക്കാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മല്ലശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.















