ഇടുക്കി: കാട്ടാന പരിക്കേറ്റ നിലയിൽ. ഇടുക്കി മാങ്കുളത്തിന് സമീപം ആനക്കുളത്താണ് കാലിന് പരുക്കേറ്റ നിലയിലാണ് കാട്ടാനയെ കണ്ടെത്തിയത്.
സ്ഥിരമായി കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ ഇറങ്ങാറുള്ള പ്രദേശത്തിന് സമീപത്താണ് ആനയെ കണ്ടെത്തിയത്. ആനയെ നിരീക്ഷിക്കുന്നതായി വനം വകുപ്പ് സംഘം അറിയിച്ചു. വെറ്റിനറി സംഘത്തെ വിവരമറിയിച്ചെന്നും ഉടൻ സ്ഥലത്തെത്തുമെന്നും അധികൃതർ അറിയിച്ചു.
കാട്ടാന നാട്ടിലിറങ്ങി ഭീതി വിതയ്‌ക്കുന്നത് തുടരുകയാണ്. ഇതിനിടയിലാണ് സംഭവം. ഇന്നലെ കോതമംഗലം നീണ്ടപാറയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചിരുന്നു. കോതമംഗലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയായ ആൻ മേരിയാണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. നേരത്തെ സ്കൂൾ ബസിന് നേരെയും കാട്ടാന പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.