പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്‌ക്കൾക്ക് നീലനിറം. പേവിഷ ബാധയ്‌ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ മുപ്പതോളം നായ്‌ക്കളുടെ ശരീരത്തിലാണ് നീലനിറമുള്ളത്. മരുന്ന് നൽകിയതിന് ശേഷം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് അടയാളമായി നായ്‌ക്കളുടെ ശരീരത്തിന് നീലനിറം തേച്ചത്.
നാട്ടുകാരും സ്കൂൾ കുട്ടികളുമെല്ലാം ഓമനിച്ചു വളർത്തിയ കല്യാണി എന്ന നായയിൽ നിന്നാണ് നീലനിറത്തിന് പിന്നിലെ കഥയുടെ തുടക്കം. എല്ലാവർക്കും ഏറെ പ്രിയങ്കരിയായിരുന്നു കല്യാണി. എന്നാൽ കുറച്ച് ദിവസം മുമ്പ് കല്യാണിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ടുതുടങ്ങി. പ്രദേശത്തെ നിരവധി ആളുകളെ നായ ഓടിച്ചിട്ട് കടിച്ചു. ചിലരെ മാന്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്. കടിയേറ്റവർ കൂട്ടത്തോടെ ആശുപത്രിയിൽ ചികിത്സതേടി. ഇതിന് പിന്നാലെയാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നീട് നായ ചത്തു. തുടർന്നാണ് പ്രദേശത്തെ എല്ലാ നായ്‌ക്കൾക്കും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ മരുന്ന് നൽകിയത്.
എല്ലാവരുമായി നല്ല ഇണക്കത്തിലായിരുന്ന നായയായിരുന്നെന്നും പെട്ടെന്നാണ് സ്വഭാവത്തിൽ വ്യത്യാസമുണ്ടായതെന്നും പ്രദേശവാസികൾ പറഞ്ഞു. കടിയേറ്റവരും നായയുടെ പല്ലും നഖവും കൊണ്ട് മുറിഞ്ഞവരും ഉൾപ്പെടെ അമ്പതോളം ആളുകളാണ് വാക്സിനെടുത്തത്. കൂടാതെ പ്രദേശത്തെ വളർത്തുനായകൾക്കും പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ട്.
തെരുവുനായ്‌ക്കളുടെ ശല്യത്തിന് പഞ്ചായത്ത് അധികൃതർ ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.















