മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നൊരു സമയമാണ് 30 വയസ് മുതൽ 40 വയസ് വരെയുള്ള പ്രായം. വളരെയധികം മാനസിക സമ്മർദ്ദങ്ങളും ആശയക്കുഴപ്പങ്ങളും അനുഭവപ്പെടുന്ന പ്രായമാണിത്. ഒരുപാട് ഹോർമോൺ പ്രവർത്തനങ്ങളും ഈ പ്രായത്തിൽ നടക്കുന്നുണ്ട്.
കുടുംബമായി ജീവിക്കുന്ന സ്ത്രീകളാണെങ്കിൽ ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാനുള്ള തത്ത്രപ്പാടിലായിരിക്കും. ധൃതിയിൽ ഓടിനടന്ന് കഴിക്കുന്നതല്ലാതെ, ശരിയായ ഭക്ഷണം കഴിക്കാൻ പോലും ചിലർക്ക് സമയം കിട്ടാതെ വരാറുണ്ട്. എന്നാൽ, ഇതിന്റെയൊക്കെ പരിണിതഫലം പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളെ ബാധിക്കും.
മുടിക്കൊഴിച്ചിൽ, അമിത വണ്ണം, അകാലനര എന്നിവ ഉണ്ടാകാനുള്ള സാധ്യതകളും ഈ പ്രായത്തിൽ കൂടുതലാണ്. എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരമായി ചെയ്യേണ്ടത്, ആദ്യം ജീവിതശൈലിയിൽ ഒരു ക്രമീകരണം കൊണ്ടുവരിക എന്നതാണ്. പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്, കൃത്യമായൊരു സമയം കണ്ടെത്തി വ്യായാമം ചെയ്യുക, എല്ലാ ദിവസം രണ്ട് ലിറ്റർ വെള്ളം കുടിക്കണം.
35 വയസ് കഴിയുമ്പോൾ പ്രായം കൂടിവരുന്നത് അനുഭവപ്പെടാൻ തുടങ്ങും. 35 വയസ് കഴിയുമ്പോഴാണ് കാല് വേദന, മുട്ടുവേദന, നടുവേദന എന്നിവ കൂടുതലായും ഉണ്ടാകുന്നത്. ഈ സമയത്ത്, ഹീമോഗ്ലോബിൻ, കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൃത്യമായി പരിശോധിക്കാൻ ശ്രദ്ധിക്കണം. ഇത് മാസത്തിലൊരിക്കലോ രണ്ട് മാസത്തിലൊരിക്കലോ നോക്കാൻ ശ്രദ്ധിക്കണം. അതിനനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
എന്താണോ ചെയ്യാൻ ഇഷ്ടമുള്ള കാര്യം അത് ചെയ്യാനായി കുറച്ച് സമയം മാറ്റിവയ്‌ക്കുക. എല്ലാ ദിവസവും 15 മിനിറ്റ് സ്വന്തം കാര്യങ്ങൾക്കായി മാറ്റിവയ്‌ക്കുന്നത് മാനസിക ഉല്ലാസത്തിനായി സഹായിക്കും. അനാവശ്യമായ ചിന്തകളും വിഷമങ്ങളും ഒഴിവാക്കി നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുക. മനസിന് സമാധാനം ഉണ്ടായാൽ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.















