ഭുവനേശ്വർ: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഉത്തരവാദിത്തമോ, നാണമോ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” കോൺഗ്രസിന്റെ ഓരോ പ്രവൃത്തികളും ജനങ്ങൾ വിലയിരുത്തുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. അവർക്ക് നാണമോ, ഉത്തരവാദിത്തങ്ങളോ ഇല്ല. പ്രധാനമന്ത്രി സത്യങ്ങൾ വിളിച്ചു പറയുമ്പോഴും ഇതേ മനോഭാവമായിരുന്നു കോൺഗ്രസ് പുലർത്തിയിരുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ യഥാർത്ഥ നിറമെന്തെന്ന് അറിയാം. ജനങ്ങൾ അത് ഓരോ തവണയും തുറന്നുകാട്ടുന്നുണ്ട്.”- ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ഭരണഘടനയോട് കോൺഗ്രസ് അനാദരവ് കാണിക്കുകയാണ്. ഭരണഘടനയുടെ പ്രാധാന്യം കുറയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഭരണഘടനയെ അവഹേളിക്കുന്ന നിരവധി സംഭവങ്ങൾ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സത്യങ്ങൾ തുറന്നുകാണിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ മുഖം തിരിക്കുന്ന മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി കോൺഗ്രസിനെ ഓർമ്മപ്പെടുത്തിയിരുന്നു. ഭരണഘടനയെ ആക്രമിക്കുന്നതിന് കുടുംബം മുഴുവനും ഒരേ ദിശ തെരെഞ്ഞടുത്തതാണെന്നും പിതാവിന്റെ വഴിയാണ് മകളും മകനുമെല്ലാം തെരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.















