ദമാസ്കസ്: വിമത സർക്കാർ ആവശ്യപ്പെട്ടാൽ സിറിയക്ക് സൈനിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് തുർക്കി. പ്രതിരോധമന്ത്രി യാസർ ഗുളറാണ് ഇക്കാര്യം അറിയച്ചത്. സിറിയയിൽ അസദ് കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച എച്ച്ടിഎസ്സിന് ഇനി അവസരം നൽകണമെന്നും സിറിയൻ ജനതയോട് ഗുളർ പറഞ്ഞു.
സിറിയൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് റഷ്യക്കും ഇറാനും തുർക്കി നിർദേശം നൽകിയിരുന്നു. മാത്രമല്ല സിറിയയിലെ വിമത സംഘടനയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് നാറ്റോ അംഗമായ തുർക്കി നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആവശ്യമെങ്കിൽ സിറിയൻ വിമത സർക്കാരിന് സൈനിക പിന്തുണ നൽകാമെന്ന നിലപാട് പ്രതിരോധ മന്ത്രി യാസർ ഗുളർ പ്രഖ്യാപിച്ചത്.
രാജ്യത്ത് നിന്ന് ബാഷർ അൽ-അസജ് ഒളിച്ചോടുകയും വിമതർ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ ടർക്കിഷ് ഇന്റലിജൻസ് മേധാവി, സിറിയൻ തലസ്ഥാനമായ ദമാസ്കസ് സന്ദർശിച്ചിരുന്നു. കൂടാതെ ദമാസ്കസിലുള്ള ടർക്കിഷ് എംബസി വീണ്ടും തുറന്നുപ്രവർത്തിക്കുകയും ചെയ്തു. സിറിയയിൽ പുതിയതായി വരുന്ന സർക്കാർ എന്തുചെയ്യുമെന്ന് വീക്ഷിക്കാനാണ് കാത്തിരിക്കുന്നതെന്നും അവർക്ക് പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അവസരം നൽകണമെന്നും ഗുളർ അഭിപ്രായപ്പെട്ടു.
സിറിയൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, തുർക്കി അധികാരികളുമായി ചർച്ച ചെയ്തിരുന്നു. അറബ് രാജ്യങ്ങൾ, ജോർദാൻ എന്നിവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ഭീകരരുടെ സാന്നിധ്യം ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
സിറിയയിൽ ഭരണം അട്ടിമറിച്ച വിമതഗ്രൂപ്പിനെ ഭീകര സംഘടനയായി തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നതെങ്കിലും സിറിയയിൽ ജനാധിപത്യം നടപ്പാക്കണമെന്ന നിലപാടാണ് അമേരിക്കയ്‌ക്കെന്ന് ബ്ലിങ്കൺ വ്യക്തമാക്കി.