ദുബായ്: ഗൾഫ് മേഖലയിൽ ഇന്ത്യക്കാരുടെ ജനപ്രിയ രാജ്യമായി യുഎഇ. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. 40 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുളളത്.
കാലങ്ങളായി ഇന്ത്യക്കാരാണ് യുഎഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് അറിയിച്ചത്. ഒരു വർഷത്തിനുള്ളിൽ മാത്രം 1,30,000ത്തിലധികം ഇന്ത്യക്കാർ യുഎഇയിലേക്ക് വന്നെന്നാണ് കണക്ക്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കവെയാണ് കോൺസുൽ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം ഇന്ത്യക്കാരിൽ 30 പേർ യുഎഇ പ്രവാസികളായിരിക്കുമെന്നതാണ് ഏറ്റവും പുതിയ കണക്കുകൾ. യുഎഇ കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലുള്ള ഗൾഫ് രാജ്യം സൗദി അറേബ്യയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. 2020ലെ ഐക്യരാഷ്‌ട്ര സഭയുടെ കണക്കനുസരിച്ച് 1.8 കോടി ഇന്ത്യക്കാർ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ട്.