ന്യൂഡൽഹി:1971ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിനോടനുബന്ധിച്ച് ആർമി ഹൗസിൽ ദിവസം നടന്ന ‘അറ്റ്-ഹോം’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത സൈനികരുമായും മറ്റ് അതിഥികളുമായും രാഷ്‌ട്രപതി സംവദിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച രാഷ്‌ട്രപതി, ഭീകരശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിന്റെയും അതിഥികളുമായി സംവദിക്കുന്നതിന്റെയും ദൃശ്യങ്ങൾ രാഷ്‌ട്രപതി എക്സിൽ പങ്കുവച്ചിട്ടുണ്ട്. സൈനികരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും പരിപാടിയുടെ ഭാഗമായി.
13 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമപുതുക്കൽ കൂടിയാണ് വിജയ് ദിവസ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന, 2001-ലെ പാർലമെൻ്റ് ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരെ അനുസ്മരിക്കുന്ന ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുത്തിരുന്നു. സൈനികരുടെ നിസ്വാർത്ഥതയും ധൈര്യവും എക്കാലവും രാജ്യത്തെ പ്രചോദിപ്പിക്കുന്നുമെന്നും രാജ്യം എന്നും അവരോടും അവരുടെ കുടുംബത്തോടും കടപ്പെട്ടിരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.