ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പോരാട്ട വീര്യം കൊണ്ട് പാക് സൈന്യത്തെ തോൽപ്പിച്ച ദിനം. രാജ്യം ഇന്ന് വിജയ് ദിവസിന്റെ 53ാം വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന് പ്രത്യേകതകൾ ഏറെയാണ്. 13 ദിവസം നീണ്ടുനിന്ന ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ പാകിസ്താനെ കീഴ്പ്പെടുത്തിയ ദിവസമാണ് വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.
യുദ്ധം അവസാനിക്കുന്ന 1971 ഡിസംബർ 16-ന് പാകിസ്താൻ സേനയുടെ കമാൻഡറായ പാകിസ്താൻ ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി.
സായുധസേനയുടെ ധീരതയുടെയും ആത്മവിശ്വാസത്തിന്റെ അടയാളമായി ഈ ദിവസത്തെ രാജ്യം ആചരിക്കുന്നു. 93,000 പാകിസ്താൻ സൈനികരാണ് അന്ന് ഇന്ത്യയുടെ സൈനിക ശക്തിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു അത്.
1971-ലെ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ ആദരിക്കുന്ന ദിവസം കൂടിയാണ് വിജയ് ദിവസ്. രക്തവും വിയർപ്പും കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം രചിച്ച സൈനികരെ വേദനയോടെയല്ലാതെ ഓർക്കാനാവില്ല. ഡിസംബർ മൂന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.
രാജ്യത്തിനായി ആയിരക്കണക്കിന് സൈനികരാണ് ജീവൻ ബലി നൽകിയത്. പോരാട്ടത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താന്റെ അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും ദുരിതത്തിൽ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള തുല്യ പോരാട്ടമായിരുന്നു ഇന്ത്യൻ- ബംഗ്ലാദേശ് സൈനികരുടേത്.
എല്ലാ വർഷവും വിജയ് ദിവസിനോടനുബന്ധിച്ച് സൈനികരെ ഉൾപ്പെടുത്തി രാജ്യത്ത്, ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ബംഗ്ലാദേശിലെ പ്രതിരോധ സേനയുടെ ഭാഗമായിരുന്ന മുക്തി ജോധാസും സായുധ സേനയിലെ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും എല്ലാ വർഷവും കൊൽക്കത്തയിൽ ഇന്ത്യൻ സൈനികരോടൊപ്പം വിജയ് ദിവസ് ആഘോഷത്തിൽ പങ്കുചേരാറുണ്ട്.