റായ്പൂർ: കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സൽ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സലുകൾക്കെതിരെ പ്രവർത്തിച്ച്, സുരക്ഷാ സേനയുമായി ബന്ധം പുലർത്തുന്ന മുൻ നക്സലുകളുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. നക്സലുകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം അവസാനഘട്ടത്തിലാണെന്നും ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.
“കഴിഞ്ഞ വർഷം 287 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ആയിരത്തിലധികം പേരെ പിടികൂടി. 837 പേർ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. ഈ വർഷത്തിൽ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറിൽ താഴെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നക്സൽവിരുദ്ധ നയത്തിലൂടെ നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മരണസംഖ്യ നൂറിൽ താഴെ വരുന്നത്.
ഭീകരവാദ- മയക്കുമരുന്നുരഹിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കും. ഛത്തീസ്ഗഢിലെ പൊലീസിന്റെയും സുരക്ഷാ സേനയുടെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങിയവരുടെ കുടുംബത്തേക്കാൾ സന്തോഷവാനാണ് ഞാൻ. അക്രമമല്ല, മുന്നോട്ടുള്ള വഴിയാണ് നാം കണ്ടെത്തേണ്ടത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങണം. നിങ്ങളുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റുമെന്നും” അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഢിലെ ബസ്തർ, മഹാരാഷ്‌ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുള്ള മുപ്പതോളം മുൻ നക്‌സലുകളാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.