തിരുവനന്തപുരം: റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന് ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഗതാഗത കമ്മീഷണറുമായാണ് ചർച്ച നടത്തുന്നത്. റോഡിൽ സംയുക്ത പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആലോചിക്കും. ജില്ലാ പൊലീസ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം നാളെ നടക്കും. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത, ഡ്രൈവിംഗിലെ അശ്രദ്ധ എന്നിവയാണ് ബഹുഭൂരിപക്ഷം അപകടങ്ങൾക്കും കാരണമാകുന്നത്. റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പും, ഗതാതഗമന്ത്രിയും ആവർത്തിച്ച് പറയുമ്പോഴും റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഒഴിയുന്നില്ല.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പത്തനംതിട്ടയിലെ മല്ലശേരിയിലേക്ക് വരുന്നവഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പാലക്കാട് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുമ്പായിരുന്നു അടുത്ത അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനികളുടെ മുകളിലേക്ക് അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സഹപാഠികളായ നാല് വിദ്യാർത്ഥിനികൾക്കാണ് ജീവൻ നഷ്ടമായത്.















