മലപ്പുറം: അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. പൊലീസ് ക്യാമ്പിൽ നടന്നത് കൊടിയ പീഡനമെന്നും മാനുഷിക പരിഗണന ലഭിച്ചില്ലെന്നും സ്വയം വെടിയതിർത്ത് ജീവനൊടുക്കിയ വിനീത് കുറിപ്പിൽ പറയുന്നു. എ.സി.പി അജിത് കുമാറിനെതിരെ കത്തിൽ പരാമർശമുണ്ട്.
മേലുദ്യോഗസ്ഥരുടെ ക്രൂരതകൾക്കെതിരെ തന്റെ ജീവൻ സമർപ്പിക്കുന്നതായി സുഹൃത്തിന് മെസേജ് അയച്ച ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നു. മാനുഷിക പരിഗണന ഇല്ലാതെ ക്യാമ്പിൽ കടുത്ത ട്രെയ്നിംഗിന് വിധേയനാകേണ്ടി വന്നു. ക്യാമ്പിൽ നടത്തിയ റിഫ്രഷർ കോഴ്സിൽ പരാജയപ്പെട്ടതിന് വിനീതിന് മെമ്മോ നൽകിയിരുന്നു. മെമ്മോക്കുള്ള മറുപടിയിലാണ് കൂടുതൽ വെളിപ്പെടുത്തലുകളുള്ളത്.
സർജറി ചെയ്തതു പോലും പരിഗണിക്കാതെ ട്രെയിനിംഗിൽ ഉൾപ്പെടുത്തി. ട്രെയിനിംഗ് നടക്കുമ്പോൾ കടുത്ത പനിയുമുണ്ടായിരുന്നു. ഓട്ടത്തിൽ പരാജയപ്പെടാൻ കാരണം ഇതായിരുന്നെന്നും എന്നാൽ മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്നും മെമ്മോയ്‌ക്ക് നൽകിയ മറുപടിയിൽ പറയുന്നു.
അതേസമയം ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ പോലും ലീവ് ചോദിച്ചിട്ട് നൽകിയില്ലെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ഇന്നെല രാത്രി എട്ടരയ്‌ക്കാണ് തോക്കുപയോഗിച്ച് തലയിൽ നിറയൊഴിച്ച് വിനീത്(35) ജീവനൊടുക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.