പാലക്കാട്: വടക്കഞ്ചേരി- വാളയാർ ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വാളയാർ ദേശീയപാതയിൽ മംഗലത്താണ് സംഭവം. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് എതിർ ദിശയിലുള്ള റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് മറ്റ് വാഹനങ്ങൾ എതിർദിശയിൽ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിന് പിന്നാലെ നാട്ടുകാർ എത്തിയാണ് കാറിൽ കുടുങ്ങിയ ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും സംയുക്ത യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഗതാഗത കമ്മീഷണറുമാണ് ചർച്ച നടത്തുന്നത്. റോഡിൽ സംയുക്ത പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ജില്ലാ പൊലീസ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും.