15 വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഈ മാസം 12-ന് ഗോവയിലെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള താരത്തിന്റെ വിവാഹം ഏറെ വൈറലായിരുന്നു. തമിഴ് കല്യാണപെണ്ണിന്റെ ലുക്കിൽ കതിർമണ്ഡപത്തിലെത്തിയ കീർത്തിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ടതോടെ താരത്തിന്റെ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളുമാണ് ചർച്ചയായത്.
ജിമ്മിക്കി കമ്മലും കുപ്പിവളയും നെറ്റിച്ചുട്ടിയുമൊക്കെ അണിഞ്ഞുള്ള കീർത്തിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. വിവാഹത്തിന് കീർത്തി ധരിച്ച പട്ടുപുടവ നെയ്യുന്നതിന്റെ വീഡിയോ അനിത ഡോംഗ്രെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
മഞ്ഞയും പച്ചയും ചേർന്ന കാഞ്ചിപുരം സാരി ഗോൾഡ് സെറി വർക്കുകൾ കൊണ്ട് സുന്ദരമായിരുന്നു. വൈര ഊസി എന്ന പരമ്പരാഗത രീതിയോടെയാണ് സാരി നെയ്തെടുത്തിരിക്കുന്നത്. കീർത്തി സുരേഷ് എഴുതിയ പ്രണയകവിതയും സാരിയിൽ തുന്നിച്ചേർത്തിട്ടുണ്ട്. ആന്റണിക്കായുള്ള സർപ്രൈസ് സമ്മാനമായിരുന്നു ഈ പ്രണയവരികൾ.
405 മണിക്കൂർ എടുത്താണ് വിവാഹസാരി നെയ്തെടുത്തത്. ആന്റണിയുടെ വസ്ത്രം നെയ്യാൻ 150 മണിക്കൂറും എടുത്തതായി അനിത ഡോംഗ്രെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വൈറ്റ് വെഡ്ഡിംഗ് ചടങ്ങുകൾ നടന്നത്. വെള്ള ഗൗണിൽ പ്രിൻസസ് ലുക്കിലാണ് കീർത്തി സുരേഷ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.