ലക്നൗ: 46 വർഷത്തിന് ശേഷം തുറന്ന സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തായി മൂന്ന് വിഗ്രഹങ്ങൾ കൂടി കണ്ടെത്തി. ഇവയിൽ ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ കിണർ കുഴിക്കുന്നതിനിടയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയതെന്ന് സംഭാൽ അഡീഷണൽ സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു.
കിണറിനുള്ളിൽ മണ്ണും കല്ലും നിറഞ്ഞിട്ടുണ്ടെന്നും ഖനനത്തിന്റെ ഭാഗമായി കുഴിച്ചപ്പോഴാണ് കണ്ടെത്തിയതെന്നും ചന്ദ്ര പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലര പതിറ്റാണ്ട് മുൻപ് സമുദായിക സംഘർഷത്തെ തുടർന്നാണ് ക്ഷേത്രം അടച്ചത്. പതിറ്റാണ്ടുകൾക്കിപ്പുറം ക്ഷേത്രം വീണ്ടും തുറന്നതോടെ ഭക്തരും പൊലീസ് സേനയും ഉൾപ്പടെയുള്ളവർ ചേർന്ന് ക്ഷേത്രത്തിന് സംരക്ഷണമേർപ്പെടുത്തുകയാണ്. പ്രദേശത്ത് ഇപ്പോഴും ഖനനം നടക്കുകയാണ്. പുതുതായി തുറന്ന ക്ഷേത്രത്തിൽ ഭക്തർ ഓം നമഃശിവായ എന്നും ഹര ഹര മഹാദേവ് എന്നും രേഖപ്പെടുത്തി.
#WATCH | Uttar Pradesh: Three idols recovered from the well near Shiv-Hanuman Temple in Sambhal that was reopened on December 14, reportedly for the first time after 1978. pic.twitter.com/lAF8L0iG6Y
— ANI (@ANI) December 16, 2024
സംഭാലിൽ 1529-ൽ മുഗർ ചക്രവർത്തി ബാബർ ഭാഗികമായി തകർത്ത ഹരിഹർ മന്ദിറിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിർമിച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണുശങ്കർ ജെയിൻ നൽകിയ പരാതിയിലായിരുന്നു പ്രാദേശിക സിവിൽ കോടതി സർവേയ്‌ക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ശിവക്ഷേത്രം തുറന്നതും ഭക്തർ പൂജകളും പ്രാർത്ഥനകളും ആരംഭിച്ചതും. സർവേ ഇപ്പോഴും തുടരുകയാണ്.















