കോഴിക്കോട്: മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. മലബാറിൽ 1,000 യൂണിറ്റുകളുള്ള വ്യായാമ കൂട്ടായ്മ നിയന്ത്രിക്കുന്നത് നിരോധിത ഭീകര സംഘടനയാണെന്ന് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയായിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
മെക്ക് 7-നെ കുറിച്ച് പൊലീസും എടിഎസും അന്വേഷണം നടത്തണം. ഇത്രയും ആരോപണം ഉയർന്നിട്ടും സംസ്ഥാന ഇൻ്റലിജൻസിന്റെ പക്കൽ ഈ കൂട്ടായ്മയുടെ വിവരങ്ങൾ ഇല്ലാത്തത് സംശയാസ്പദമാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് മെക്ക് 7ന് ഇത്രയും വളർച്ചയുണ്ടായതെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിന്റെ സ്ഥാപക നേതാക്കളെ കുറിച്ചും അവരുടെ ഭൂതകാലത്തെ കുറിച്ചും പൊലീസ് അന്വേഷിക്കണം. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർ എല്ലാം പോപ്പുലർ ഫ്രണ്ട് – ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണെന്നാണ് പി.മോഹനൻ പറഞ്ഞത്. സംഘടനയുടെ ഫണ്ടിംഗിനെ കുറിച്ചും വിദേശ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന കാര്യവും അറിയേണ്ടതുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനം കേന്ദ്ര ഏജൻസികളെ ആശ്രയിക്കണം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സംസ്ഥാന സർക്കാർ അവരോട് കാണിക്കുന്ന മൃദുസമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ കേരളം കാണുന്നത്. കോൺഗ്രസ് നേതൃത്വം പതിവ് പോലെ മതമൗലികവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.
ഹിന്ദു ദൈവങ്ങളെ പരസ്യമായി അവഹേളിച്ച് സംസാരിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പുലർത്തുന്ന മൗനം ഇരട്ടത്താപ്പാണ്. ഉത്തരേന്ത്യയിൽ എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ പ്രതിഷേധിക്കുന്ന രണ്ട് മുന്നണികളും ഹൈന്ദവ അവഹേളനം കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കപട മതേതര നിലപാട് ഒരിക്കൽ കൂടി വ്യക്തമായതായും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.















