ജീവിതശൈലികൾ മാറിയതോടെ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. ആവശ്യത്തിന് വ്യായാമമില്ലാത്തതും പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതുമെല്ലാം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നതിന് കാരണമാകുന്നു.
തിരക്കിട്ട ജീവിതത്തിൽ വ്യായാമത്തിനും ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനുമൊന്നും സമയമില്ലെന്നായിരിക്കും മിക്ക ആളുകളുടെയും മറുപടി. എന്നാൽ തിരക്കിട്ട് പായുമ്പോൾ അതിനൊത്ത് പായാൻ നിങ്ങളുടെ ഹൃദയത്തിന് വേഗതയുണ്ടാവില്ലെന്ന് തിരിച്ചറിയണം. ഭക്ഷണകാര്യങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഒരു പരിധിവരെ ഹൃദ്രോഗം തടയാം. ഭക്ഷണത്തിൽ ഇനി പറയുന്ന പഴവർഗങ്ങൾ ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ചെറി
ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പഴവർഗങ്ങളിലൊന്നാണ് ചെറികൾ. ചെറി ജ്യൂസായോ, ഡ്രൈ ഫ്രൂട്ട് രൂപത്തിലോ അല്ലാതെയോ കഴിക്കാം. ഭക്ഷണത്തിനൊപ്പം ചെറി ഉൾപ്പെടുത്തുന്നത് രക്തധമനികളുടെ സംരക്ഷണത്തിന് നല്ലതാണ്. ഓട്‌സിനൊപ്പവും ഫ്രൂട്ട് സലാഡിനൊപ്പവും ജ്യൂസായുമെല്ലാം ഇത് ഭക്ഷണത്തിലുൾപ്പെടുത്താം.
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത പരമാവധി കുറയ്‌ക്കുന്നു. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് അടുത്തിടെ ഇറങ്ങിയ പഠനങ്ങൾ പറയുന്നത്. ഇത് ലൈക്കോപീൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
ആപ്പിൾ
ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട പഴവർഗങ്ങളിലൊന്നാണ് ആപ്പിൾ. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും ഹൃദ്രോഗത്തിനുള്ള സാധ്യതകൾ കുറയ്‌ക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇതിന് പുറമെ ചീത്ത കൊഴുപ്പ് കുറയ്‌ക്കാനും ആപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളയാതെ ആപ്പിൾ കഴിക്കുന്നതാണ് കൂടുതൽ ഗുണപ്രദം.
സ്‌ട്രോബെറി
നാരുകൾ അടങ്ങിയ ഫലങ്ങളിൽ ഒന്നാണ് സ്‌ട്രോബെറി. ഇതിനുപുറമെ പെക്റ്റിൻ എൻസൈമുകളും, ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. സ്‌ട്രോബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്.