വയനാട്: വനവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുകയാണ്.
വനവാസി യുവാവ് മാതനെ വലിച്ചിഴച്ചപ്പോൾ ഹർഷിദായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ച കാർ നേരത്തെ മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. മാതനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മന്ത്രി ഒആർ കേളുവാണ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽ നിർത്തി അസഭ്യം പറഞ്ഞു. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാനും ശ്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചതാണ് മാതൻ.
പ്രകോപിതരായ യുവാക്കൾ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി അര കിലോമീറ്ററോളം വലിച്ചിഴയ്‌ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് നാല് പ്രതികളിൽ രണ്ട് പേരെ പിടികൂടിയത്.















