ചെന്നൈ: ടാറ്റു പാർലറിന്റെ മറവിൽ യുവാക്കളിൽ നാവ് പിളർത്തൽ ശസ്ത്രക്രിയ നടത്തിയ ആളും സഹായിയും അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിൽ ടാറ്റു പാർലർ നടത്തി വരികയായിരുന്ന ഹരിഹരൻ ഇയാളുടെ സഹായി ജയരാമൻ എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ വച്ച് നിരവധി യുവാക്കൾ നാവ് പിളർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയരായതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വലിയ രീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് നാവ് പിളർത്തൽ നടത്തുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ടാറ്റു പാർലറിനെതിരെ പരാതികൾ ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ടാറ്റു ചെയ്യുന്നതിന് പുറമെ നാവിന്റെ അറ്റം പിളർത്തി ഇടുന്നത് യുവാക്കൾക്കിടയിൽ ഇപ്പോൾ ട്രെൻഡ് ആയി മാറിയതായി പൊലീസ് പറയുന്നു.
വിദേശരാജ്യങ്ങളിൽ നിന്നാണ് യുവാക്കൾക്ക് ഈ ആശയം ലഭിക്കുന്നത്. നാവിന്റെ അറ്റം രണ്ടായി പിളർത്തി ഇടുന്നതും, കണ്ണുകളിൽ കറുത്ത നിറം കലർത്തുന്നതിനുമെല്ലാം പലരും താത്പര്യപ്പെടുന്നുണ്ട്. ഇതോടെയാണ് ഹരിഹരനും തന്റെ സ്ഥാപനത്തിൽ നാവ് പിളർത്തൽ ശസ്ത്രക്രിയ നടത്തി തുടങ്ങിയത്. എന്നാൽ ഇത്തരം രീതികൾ ഒരുപക്ഷേ ജീവന് തന്നെ ഭീഷണിയായേക്കാമെന്നും, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.