തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം തീരുമാനം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൻ്റേതാണ് തീരുമാനം. ക്രിമിനൽ പ്രവർത്തനം തടയാൻ കർശന നടപടികളിലേക്ക് പോകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ സെക്രട്ടറി വി. ജോയ് പറഞ്ഞു.
കോളേജിൽ കുട്ടിസഖാക്കളുടെ നേതൃത്വത്തിൽ ദിവ്യംഗനായ വിദ്യാർത്ഥിയെ ഇടിമുറിയിലിട്ട് അക്രമിച്ചതും വിദ്യാർത്ഥിയെ പിന്തുണച്ചെത്തിയ മറ്റൊരു വിദ്യാർത്ഥിയെ തല്ലിച്ചതച്ചതും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് മുഖം രക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരെ തന്നെയാണ് കുട്ടിസഖാക്കൾ ആക്രമിച്ചത്. ദിവ്യാംഗനെ സഹായിച്ചെന്ന കാരണത്താൽ സഹപാഠിക്കും മർദ്ദനമേറ്റിരുന്നു. പിന്നാലെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് ഉൾപ്പടെ പരാതി നൽകിയിരുന്നു.
പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടുകൊണ്ട് എസ്എഫ്ഐ പ്രവർത്തകരെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളെ മർദ്ദിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും സമാന രീതിയിലുള്ള അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. നിയമനടപടികൾക്കായി വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചു.