എറണാകുളം: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കൊച്ചി-ബഹ്‌റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ടയറിന്റെ പുറംപാളിയുടെ ഭാഗങ്ങളാണ് റൺവേയിൽ കണ്ടെത്തിയത്. ഇതോടെ ബഹ്‌റൈനിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. 10.45 ഓടെയാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്.
104 യാത്രക്കാരും 8 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അധികൃതരുടെ നിർദേശപ്രകാരം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അഗ്നിസമന സേന ഉൾപ്പെടെയുള്ള സന്നാഹങ്ങൾ വിമാനത്താവളത്തിൽ സജ്ജമായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.