മധ്യനിരയിൽ ജഡേജയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചെറുത്ത് നിന്നതോടെ ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. 213/9 എന്ന നിലയിൽ ഫോളോ എന്ന ഭീഷണി നേരിട്ടപ്പോൾ പത്താം വിക്കറ്റിൽ ഒരുമിച്ച ആകാശ്-ബുമ്ര ജോഡി 39 റൺസാണ് ചേർത്തത്. ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്‌ത്തി ശേഷമാകും അഞ്ചാം ദിനം ഓസ്ട്രേലിയക്ക് ബാറ്റ് ചെയ്യേണ്ടി വരിക. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ ബ്രിസ്ബെയ്നിൽ സമനിലയാകും ഫലം. വെളിച്ചക്കുറവ് മൂലം ഇന്നത്തെ മത്സരം നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 74.5 ഓവറിൽ 9/252 എന്ന നിലയിലാണ്.
27 റൺസുമായി ആകാശ് ദീപും 10 റൺസുമായി ബുമ്രയുമാണ് ക്രീസിൽ. 54 റൺസാണ് ഇരുവരും ചേർന്ന് ടോട്ടടിലേക്ക് സംഭാവന ചെയ്തത്. എങ്കിലും ഓസ്ട്രേലിയൻ സ്കോറിൽ നിന്ന് 193 റൺസ് പിന്നാലാണ് സന്ദർശകർ. 123 പന്തിൽ 77 റൺസെടുത്ത ജഡേജയും 139 പന്തിൽ 84 റൺസെടുത്ത കെ.എൽ രാഹുലുമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. നിതീഷ് കുമാർ റെഡ്ഡി 61 പന്തിൽ 16 റൺസെടുത്ത് ഓസ്ട്രേലിയൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു. സിറാജ് 11 റൺസെടുത്തു. കമിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റ് വീഴ്‌ത്തി. നഥാൻ ലയോൺ ജോഷ് ഹേസിൽവുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.