എറണാകുളം: പണി കഴിഞ്ഞെത്തുന്ന മകന് ചോറും വച്ച് കാത്തിരുന്ന അമ്മയുടെ കാതിലേക്ക് എത്തിയത് എൽദോസിന്റ മരണവാർത്തയായിരുന്നു. ഇന്ന് ആ വീട്ടുമുറ്റത്ത് എൽദോസിന്റെ ശരീരഭാഗങ്ങൾ കൊണ്ടുവന്നപ്പോൾ അവർ വാവിട്ടുകരയുന്നുണ്ടായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി അമൃത ബസിൽ കയറുമ്പോൾ വേഗം വീട്ടിലെത്തണം എന്നായിരിക്കും ക്ണാച്ചേരി സ്വദേശി എൽദോസ് ചിന്തിച്ചിട്ടുണ്ടാകുക. രാത്രിയിൽ ബസിറങ്ങി വീട്ടിലേക്ക് തിടുക്കത്തിൽ നടന്നത് കാട്ടാനയുടെ മുന്നിലേക്കായിരുന്നുവെന്ന് ആ സമയത്ത് അദ്ദേഹം കരുതിയില്ല. അധികൃതരുടെ അനാസ്ഥയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ എൽദോസിന് കുട്ടമ്പുഴക്കാർ കണ്ണീരോടെ വിട നൽകി.
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഏക മകൻ. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോതമംഗലം മാർത്തോമ പള്ളിയിലെത്തിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി.
ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന എൽദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചിന്നിചിതറിയ നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു എൽദോസ്. ക്രിസ്മസിന് ഇനി വരില്ലെന്ന് പറഞ്ഞ് പ്രായമായ അച്ഛനും അമ്മയ്‌ക്കും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം.
ആന ആക്രമിച്ച വഴിയിൽ വഴിവിളക്ക് പോലും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആനയെ കാണാനും രക്ഷപെടാനും എൽദോസിന് കഴിഞ്ഞേനെ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാത്രി വൈകിയും പ്രതിഷേധിച്ച നാട്ടുകാരെ എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെ എത്തിയാണ് അനുനയിപ്പിച്ചത്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ സർക്കാരിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് ജനകീയ മാർച്ചും ഇന്ന് നടന്നു.















