ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഡ്രൈ ഫ്രൂട്ടുകൾ. ഉണക്കമുന്തിരി, അത്തിപ്പഴം, വാൽനട്ട്, ബദാം, കശുവണ്ടി, പൈനാപ്പിൾ, കിവി തുടങ്ങി നിരവധി ഡ്രൈ ഫ്രൂട്ടുകൾ വിപണിയിൽ സുലഭമാണ്. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാൾ അധികം ദോഷമായേക്കാം..
അധികം കഴിക്കരുത്
പോഷക ഗുണങ്ങളുണ്ടെന്ന് കരുതി ഡ്രൈ ഫ്രൂട്ടുകൾ അധികം കഴിക്കരുത്. അധികമായാൽ അമൃതും വിഷമെന്ന് ഓർക്കണം. ഡ്രൈ ഫ്രൂട്ടുകളിൽ കലോറി ധാരാളം അടങ്ങിയിരിക്കുന്നു. ഇവ അധികം കഴിച്ചാൽ അമിത ഭാരത്തിനും കൊഴുപ്പടയുന്നതിനും കാരണമാകുന്നു. അതിനാൽ ദിവസവും 28 ഗ്രാം വരെ മാത്രം ഡ്രൈ ഫ്രൂട്ടുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
പഞ്ചസാര അടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ
ഡ്രൈ ഫ്രൂട്ടുകൾ വാങ്ങുമ്പോൾ മിക്ക ആളുകളും ചെയ്യുന്ന തെറ്റുകളിലൊന്നാണ് പഞ്ചസാര കോട്ടിംഗ് അടങ്ങിയവ വാങ്ങുന്നത്. ഇത്തരം ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. ഇത് പ്രമേഹത്തിന് വഴിവയ്‌ക്കുന്നു. കൂടാതെ പൊണ്ണത്തടിക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഉപ്പ് കൂടുതലായ ഡ്രൈ ഫ്രൂട്ടുകളും കഴിക്കരുത്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ധാരാളം വെള്ളം കുടിക്കണം
ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ മിക്ക ആളുകളും മറക്കും. എന്നാൽ ഇവ കഴിക്കുമ്പോൾ ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണത്തിന് വഴിവയ്‌ക്കുന്നു. ശരീരത്തിലെ വെള്ളത്തെ വലിച്ചെടുക്കാൻ കഴിവുള്ളവയാണ് ഡ്രൈ ഫ്രൂട്ടുകൾ. അതിനാൽ ഇവ കഴിക്കുന്നതിനൊപ്പം വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം.















