ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറി മറിഞ്ഞ് ടീമുകളുടെ പോയിന്റ് നില. ന്യൂസിലൻഡ് ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതോടെ ഇരുവരുടെയും ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പോരാട്ടമാണ് നിലവിൽ ആരാധകർ ഉറ്റുനോക്കുന്നത്. ലോർഡ്‌സിൽ നടക്കുന്ന കിരീട പോരാട്ടത്തിന് ആരൊക്കെയാകും ഏറ്റുമുട്ടുക എന്നറിയാൻ ഇനിയും കാത്തിരിക്കണം
ദക്ഷിണാഫ്രിക്കയ്‌ക്ക് സ്വന്തം നാട്ടിൽ പാകിസ്താനുമായി ഒരു പരമ്പര അവശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ നാലാമതെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, എന്നിവരാണ് നിലവിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.
ബംഗ്ലാദേശിനെ പറപ്പിച്ച പിന്നാലെ സ്വന്തം തടകത്തിൽ ശ്രീലങ്കയെ തൂത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ മറികടന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ തലപ്പത്തെത്തിയത്. പാകിസ്താനെതിരെ വരാനിരിക്കുന്ന രണ്ട് ഹോം മത്സരങ്ങൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം ഈ വിജയകരമായ ഫോം നിലനിർത്തുകയാണെങ്കിൽ മറ്റു ടീമുകളുടെ വിജയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒരു വെല്ലുവിളിയാകില്ല.
ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകൾ, ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവയാണ് ശേഷിക്കുന്നത്. WTC 2025 റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരാൻ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ പരമ്പര തോൽവിക്ക് ശേഷം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുത്തിരുന്നു. എന്നാൽ പെർത്തിൽ ഇന്ത്യയോടേറ്റ തോൽവിയിൽ ഇത് വീണ്ടും നഷ്ടമായി. ഇന്ത്യയുമായുള്ള പപരമ്പര സമനിലയിലായാലും ശ്രീലങ്കയ്‌ക്കെതിരെ മത്സരങ്ങൾ ശേഷിക്കുന്നതിനാൽ ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ അവസാനം വരെ നിലനിർത്താൻ ഓസ്‌ട്രേലിയക്കാവും.
അതേസമയം ഇന്ത്യക്ക് മുന്നിലുള്ളത് ഓസ്‌ട്രേലിയയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ മാത്രമാണ്. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിലേറ്റ നാണംകെട്ട തോൽവിയോടെ ഇന്ത്യ WTC റാങ്കിങ്ങിൽ ഒരു പോയിന്റ് താഴേക്ക് പോയിരുന്നു. പെർത്തിലെ ഓസ്‌ട്രേലിയക്കെതിരായ വിജയമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തിരികെകൊണ്ടുവന്നത്. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായി. ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയ്‌ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.