ലക്നൗ: കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ വീണ്ടും ഉത്തർപ്രദേശിൽ ക്ഷേത്രം കണ്ടെത്തി. വാരണാസിയിലെ മദൻപുര പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. 250 വർഷം പഴക്കമുള്ള ക്ഷേത്രമാണെന്നാണ് വിലയിരുത്തൽ. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 40 വർഷമായി ക്ഷേത്രം പൂട്ടിക്കിടക്കുകയായിരുന്നു.
40 അടിയോളം ഉയരമുള്ള പുരാതന ക്ഷേത്രം ജീർണാവസ്ഥയിലാണ്. പൊടിപടലങ്ങളും മറ്റ് അവശിഷ്ടങ്ങൾ കൊണ്ടും നിറഞ്ഞിട്ടുണ്ട്. മുസ്ലീം കുടുംബം താമസിച്ചിരുന്ന വീടിനൊപ്പമാണ് ക്ഷേത്രവും കണ്ടെത്തിയത്. വാർത്ത സ മൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പുരാതന ക്ഷേത്ര പരിസരത്തേക്കെത്തിയത്. സനാതന രക്ഷാ ദളിന്റെ സംസ്ഥാന അദ്ധ്യക്ഷൻ അജയ് ശർമയും സംഘവും സ്ഥലം സന്ദർശിച്ചു.
കണ്ടെത്തിയ ക്ഷേത്രം സിദ്ധേശ്വര മഹാദേവ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെന്നും ക്ഷേത്രിനോട് ചേർന്ന് പുണ്യസ്ഥലമായ സിദ്ധതീർത്ഥയുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംഭാലിലെ ഹനുമാൻ ക്ഷേത്രം കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമാന രീതിയിൽ ക്ഷേത്രം കണ്ടെത്തുന്നത്.
വരാണാസിയിലെ ക്ഷേത്രം തുറക്കാനുള്ള അനുമതി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിൽ പൂജകൾ ഉടൻ നടത്തുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ക്ഷേത്രങ്ങൾ എവിടെ കണ്ടെത്തിയാലും അവിടെ പൂജകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംഭാലിൽ രണ്ടാമത്തെ ക്ഷേത്രം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹയാത്ത് നഗർ മേഖലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. കലാപകാലത്ത് ഹിന്ദുക്കൾ കുടിയേറിയതോടെയാണ് ക്ഷേത്രം അനാഥമായതെന്നാണ് വിലയിരുത്തൽ.