ആലപ്പുഴ: ഗർഭകാല ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യത്തോടെ ജനിച്ച നവജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ്. വിവിധ പരിശോധനകൾക്കായി രക്ഷിതാക്കളിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പണം ഈടാക്കി. വിഷയം വിവാദമായതോടെ ചികിത്സയ്‌ക്ക് ഈടാക്കിയ പണം ആശുപത്രി മാതാപിതാക്കൾക്ക് തിരികെ നൽകി. ശ്വാസതടസത്തെ തുടർന്ന് കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.
സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനാൽ കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുമെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും ആരോഗ്യവകുപ്പിലെ ഒരു ജീവനക്കാർക്കെതിരെ പോലും നിയമനടപടിയും ഉണ്ടായിട്ടില്ലെന്നും പിതാവ് അനീഷ് മുഹമ്മദ് പ്രതികരിച്ചു.
വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച വാർത്ത വിവാദമായപ്പോൾ കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും തുടർ ചികിത്സയുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ വിവിധ പരിശോധനകൾക്കായി 500-ലധികം രൂപ മാതാപിതാക്കളിൽ നിന്ന് ആശുപത്രി ഈടാക്കിയിരുന്നു.
കുഞ്ഞിന് സൗജന്യ ചികിത്സ നൽകുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സൗജന്യ ചികിത്സ നൽകുമെന്ന് സർക്കാർ വാക്ക് നൽകിയതാണ്. അതിൽ വീഴ്‍ച സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടു. ചികിത്സ സൗജന്യമായി തന്നെ നൽകും. അത് പരിശോധിച്ച് പണം തിരികെ നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.















