കണ്ണൂർ: ജില്ലയിൽ ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന തലശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രക്തസാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ജില്ലയിൽ എം പോക്സ് സ്ഥിരീകരിച്ചിരുന്നു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗലക്ഷണത്തോടെ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജില്ലയിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, നടുവേദന, തലവേദന, ക്ഷീണം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.