വയനാട്: വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ. ഒളിവിലായിരുന്ന നബീൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് പേരും പിടിയിലായതായി പൊലീസ് പറഞ്ഞു.
കോഴിക്കോട് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസുകളും വധശ്രമക്കുറ്റവും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കണിയാമ്പറ്റ സ്വദേശികളായ മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം ആക്രമിച്ചത്.
യുവാക്കൾ അസഭ്യം പറയുകയും പിന്നിൽ വന്നിരുന്ന കാർ യാത്രക്കാരെ കല്ലെടുത്തെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ മാതൻ ശ്രമിച്ചപ്പോൾ പ്രകോപിതരായ യുവാക്കൾ മാതന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി റോഡിലൂടെ വലിച്ചിഴയ്‌ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതികൾ ഓടിച്ച കാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.















