പത്തനംതിട്ട: മോഷണക്കേസിൽ കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്‍റ്റഡിയിലെടുത്തു. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ ഒരു മാസം മുൻപ് നടന്ന മോഷണ കേസിലെ പ്രതി എന്ന് സംശയിച്ചായിരുന്നു നടപടി. മോഷണക്കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിഷ്ണുവിനെ വിട്ടയച്ച് പൊലീസ് തടിയൂരി.
കീഴ്ശാന്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് ഉൾപ്പെടെ തടസമുണ്ടായെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. പൂതക്കാട് ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷണം പോയിരുന്നു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ തന്റെ ഫോട്ടോ നൽകി പ്രതിയാണെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് വിഷ്ണു പറഞ്ഞു.
ഒരു രാത്രി മുഴുവൻ ക്ഷേത്രത്തിൽ നിർത്തി. രാവിലെ സിഐ എത്തി കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തി. അവർക്ക് തെറ്റ് പറ്റിയതാണെന്ന് മനസിലായതോടെ പറഞ്ഞയക്കുകയായിരുന്നു. കൊല്ലെ ബസ് സ്റ്റാൻഡ‍് വരെ പൊലീസ് ജീപ്പിലും അവിടെ നിന്ന് കോന്നിയിലേക്ക് ബസിലും യാത്ര ചെയ്താണ് എത്തിയതെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
അത്താഴപൂജ ഉൾപ്പടെ ബാക്കി നിൽക്കേ ക്ഷേത്രം കീഴ്ശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചെന്ന് മുരിങ്ങമംഗലം ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വീഡിയോ കോളിലെങ്കിലും പരിശോധന നടത്താമായിരുന്നുവെന്നാണ് ഭാരവാഹികൾ ചോദിക്കുന്നത്. മനാക്കേടുണ്ടാക്കിയ പൊലീസ് നടപടിയിൽ പരാതി നൽകുമെന്നും വ്യക്താമക്കിയിട്ടുണ്ട്.















