വടക്കൻ കശ്മീർ ഗ്രാമങ്ങളിൽ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ . ഇന്ത്യൻ ആർമിയുമായി കൈകോർത്താണ് പുതിയ പദ്ധതി. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് മൊബൈൽ സേവനം എത്തും.
ഈ പ്രദേശത്ത് എയർടെൽ 15 മൊബൈൽ ടവറുകൾ സ്ഥാപിച്ചുണ്ട്. ഇത് പ്രദേശവാസികൾക്ക് പ്രയോജനകരമാകുമെന്നും നിയന്ത്രണരേഖയിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് അവരുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും എയർടെൽ പറയുന്നു.
പ്രധാനമന്ത്രി വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാമിന് കീഴിൽ കച്ചൽ, ബൽബീർ, റസ്ദാൻ പാസ്, തയാ ടോപ്പ്, ഉസ്താദ്, കാത്തി, ചീമ തുടങ്ങിയ ഗ്രാമങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുപ്‌വാര, ബാരാമുള്ള, ബന്ദിപൂർ എന്നീ മൂന്ന് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കേരൻ, മച്ചൽ, താങ്ധർ, ഗുരേസ്, ഉറി താഴ്‌വര പ്രദേശങ്ങളിലാണ് ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ എയർടെൽ ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദൂര പ്രദേശങ്ങളിലെ സൈനിക താവളങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും എയർടെൽ ഇന്ത്യൻ സൈന്യവുമായി സഹകരിച്ചിട്ടുണ്ട്. അടുത്തിടെ, ഗാൽവാൻ നദി മേഖലയിലും ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക ഔട്ട്‌പോസ്റ്റായി അംഗീകരിക്കപ്പെട്ട ദൗലത്ത് ബെഗ് ഓൾഡിയിലും (BDO) കമ്പനി ടവറുകൾ സ്ഥാപിച്ചു.