മുഖത്തിനും ആരോഗ്യത്തിനുമൊക്കെ ധാരാളം ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് എന്നിവയും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ചർമാരോഗ്യത്തിനുമൊക്കെ പപ്പായ ഗുണം ചെയ്യുമെന്നറിയാം.
പപ്പായ പഴമായും ജ്യൂസായും സ്മൂത്തിയായൊക്കെ കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ഈ വരുന്ന ക്രിസ്മസിന് പപ്പായ കേക്കായി കഴിച്ചാലോ? അതും ഹെൽത്തിയായി. മുട്ട ചേർക്കാതെ പഞ്ഞി പോലെയുള്ള പപ്പായ കേക്ക് കഴിക്കാം. ഓവനോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പപ്പായ കേക്കിന്റെ റെസിപ്പി ഇതാ..
ചേരുവകൾ
* പപ്പായ- ഒരു കപ്പ്
* പഞ്ചസാര- ഒരു കപ്പ്
* മൈദ- ഒരു കപ്പ്
* വെളിച്ചെണ്ണ- കാൽ കപ്പ്
* പാൽ- മുക്കാൽ കപ്പ്
* വാനില എസൻസ്- ഒരു ടീസ്പൂൺ
* ബേക്കിംഗ് പൗഡർ- മുക്കാൽ ടീസ്പൂൺ
* ബേക്കിംഗ് സോഡ- അര ടീസ്പൂൺ
* ട്യൂട്ടി ഫ്രൂട്ടി- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പപ്പായ ചെറുതായി അരിഞ്ഞ് വയ്‌ക്കുക. ബ്ലെൻഡറിലേക്ക് എണ്ണ, പാൽ, പഞ്ചസാര, പപ്പായ എന്നിവ ചേർത്ത് ഒരു മിനിറ്റോളം അടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റിയിട്ട് ഒരു സ്പൂൺ വാനില എസൻസ് ചേർത്ത് ഇളക്കുക. ഇതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ അരിച്ച് ചേർക്കുക. കട്ട പിടിക്കാതെ ഇളക്കി കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ട്യൂട്ടി ഫ്രൂട്ടിയും ചേർക്കുക.
ബട്ടർ പേപ്പർ വച്ച പാത്രത്തിലേക്ക് ഈ ബാറ്റർ ഒഴിക്കുക. അടുപ്പിൽ ചീനച്ചട്ടി വച്ച് അഞ്ച് മിനിറ്റോളം ചൂടാക്കുക. ഇതിന് മുകളിൽ പൊങ്ങി നിൽക്കാനായി സ്റ്റാൻഡ് വയ്‌ക്കുക. ഇതിന് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററിന്റെ പാത്രം വയ്‌ക്കുക. കുറഞ്ഞ തീയിൽ 40 മിനിറ്റോളം വേവിക്കുക. പപ്പായ കേക്ക് റെഡി..