ഗുവാഹത്തി: അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (STF) കാസർകോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അൽ ഖ്വായ്ദ ബന്ധം. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വായ്ദ അനുബന്ധ സംഘമായ അൻസാറുളള ബംഗ്ലാ ടീമുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാനും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിലെത്തിയതെന്നും അസം പൊലീസിലെ സ്‌പെഷൽ ഡിജിപി ഹർമീത് സിംഗ് പറഞ്ഞു.
ബംഗ്ലാദേശ് പൗരനായ ഷാബ് ഷെയ്ഖ് (32) ആണ് കാഞ്ഞങ്ങാട് നിന്ന് പിടിയിലായത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് പെയിന്റിംഗ്, കോൺക്രീറ്റ് ജോലികൾ ചെയ്തുവരികയായിരുന്നു ഇയാൾ. അമ്മ ബംഗ്ലാദേശ് പൗരയും പിതാവ് പശ്ചിമബംഗാൾ സ്വദേശിയുമാണെന്ന് ആയിരുന്നു ഇയാളുടെ വാദം. എന്നാൽ ഇത് അസം പൊലീസ് തളളി. അൻസാറുളള ബംഗ്ലാ ടീം തലവൻ ജസിമുദ്ദീൻ റഹ്‌മാനിയുടെ അടുത്ത അനുയായി ഫർഹാൻ ഇസ്രാക്കിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്നാണ് അസം പൊലീസ് വെളിപ്പെടുത്തുന്നത്.
അസമിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. അസമിലും പശ്ചിമ ബംഗാളിലും തീവ്രവാദ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാൻ ഇയാൾ സഞ്ചരിച്ചതായും നവംബറിലാണ് ഇന്ത്യയിലെത്തിയതെന്നും അസം പൊലീസ് വ്യക്തമാക്കി. രാജ്യത്ത് സംഘർഷവും വിധ്വംസക പ്രവർത്തനങ്ങളും നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
രഹസ്യ വിവരങ്ങളുടെ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ തീവ്രവാദ ബന്ധമുളളവരെ പിടികൂടാനും അസം പൊലീസ് ആരംഭിച്ച ഓപ്പറേഷൻ പ്രഘട്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷാബ് ഷെയ്ഖ് പിടിയിലായത്. ഇയാളടക്കം എട്ട് പേരെ അസം പൊലീസ് പിടികൂടിയിട്ടുണ്ട്. കേരള പൊലീസിന്റെ സഹായത്തോടെയാണ് കാഞ്ഞങ്ങാട് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളം, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധനകൾ നടത്തിയത്.
മിനറുൾ ഷെയ്ഖ് (40) എംഡി അബ്ബാസ് അലി (33), നൂർ ഇസ്ലാം മണ്ഡൽ (40), അബ്ദുൾ കരീം മണ്ഡൽ (30), മോജിബർ റഹ്‌മാൻ(46), ഹമീദുൽ ഇസ്ലാം (34), ഇനാമുൽ ഹഖ് (29) എന്നിവരാണ് പിടിയിലായ മറ്റ് ഏഴുപേർ. വർഗീയ സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് നേതാക്കളെയും ഹൈന്ദവ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇവരിൽ നിന്ന് മതഗ്രന്ഥങ്ങളും ജിഹാദിനെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഷാബ് ഷെയ്ഖിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തിട്ടുണ്ട്.