കൊച്ചി: കോതമംഗലത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ് കണ്ടെത്തൽ. പിതാവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യുപി സ്വദേശിയായ അജാസ് ഖാന്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് കൊല്ലപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത രക്ഷിതാക്കളെ പൊലീസ് മാറിമാറി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാനമ്മയാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിത്. പിതാവിന് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്.
റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കാരണവും കൂടി അറിഞ്ഞ ശേഷമാകും പൊലീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ ആദ്യം പാെലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ പൊലീസിനുണ്ടായ സംശയമാണ് പോസ്റ്റുമോർട്ടത്തിലേക്ക് നയിച്ചത്. പിന്നീടാണ് ചോദ്യം ചെയ്യൽ നടത്തിയതും പ്രതി കുറ്റം സമ്മതിച്ചതും.