ഇടുക്കി: സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ. കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ മുളങ്ങാശ്ശേരിയിൽ സാബുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിക്ഷേപക തുക ആവശ്യപ്പെട്ട് 56-കാരൻ ഇന്നലെ ബാങ്കിലെത്തിയിരുന്നു. പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്ന് സൂചന.
സംഭവത്തിൽ ബാങ്കിന് മുന്നിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ബാങ്ക് പ്രതിസന്ധിയിലാണെന്ന് ബിജെപി മുതിർന്ന നേതാവ് ശ്രീനഗരി രാജൻ പറഞ്ഞു. നിക്ഷേപത്തിന്റെ പേരിൽ വീടുകളിലെത്തി ഉയർന്ന പലിശ നൽകാമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ബാങ്കിൽ നിക്ഷേപമെത്തിക്കുന്നത്.
ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ഉൾപ്പടെ രണ്ട് പേരെ പുതുതായി നിയമിച്ചതും വിവാദമായിരുന്നു. ബാങ്കിലെ പണമെടുത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. നീതി ലഭിക്കും വരെ പ്രതിഷേധം നടത്തുമെന്നും ബിജെപി വ്യക്തമാക്കി.















