തിരുവനന്തപുരം: ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ വക്കീൽ നോട്ടീസുമായി എൻ. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, മാതൃഭൂമി ദിനപത്രം എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തി, വ്യജരേഖകൾ ചമച്ച് പൊതുജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചു, വ്യക്തിപരമായി ലക്ഷ്യംവെച്ച് നീക്കങ്ങൾ നടത്തി തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.
പൊതുമധ്യത്തിൽ അവഹേളിക്കുന്നതിനായി ഉന്നതിയുടെ ഫയൽ കാണാതായി എന്നൊരു റിപ്പോർട്ട് ഉണ്ടാക്കി. സർക്കാരോ എജൻസികളോ ആവശ്യപ്പെട്ടിട്ടല്ല ഇത്തരം റിപ്പോർട്ടുണ്ടാക്കിയത്. രണ്ട് ദിവസങ്ങളിലായി ഉണ്ടാക്കിയ കത്ത് ഒരു ദിവസമാണ് എ. ജയതിലകിന്റെ ഓഫീസിൽ നിന്ന് ഇ- ഓഫീസിൽ അപ്ലോഡ് ചെയ്തത്. വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമനടപടിയിലേക്ക് കടക്കാതിരിക്കാൻ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യമാണ് എൻ. പ്രശാന്ത് ഉന്നയിച്ചിരിക്കുന്നത്.