യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും, അതിൽ പ്രതിഷേധിച്ച് ഇനി മുതൽ യൂട്യൂബിൽ വീഡിയോകൾ ഇടില്ലെന്നുമുള്ള പ്രഖ്യാപനവുമായി യുവതി. മൂന്ന് വർഷം കൊണ്ട് എട്ട് ലക്ഷം രൂപ നിക്ഷേപിച്ചെന്നും, ഒരു രൂപ പോലും വരുമാനം ലഭിച്ചില്ലെന്നുമാണ് നളിനി ഉനഗർ എന്ന യുവതി പറയുന്നത്. പണം നൽകാത്തതിൽ യൂട്യൂബിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്നും അവർ പറയുന്നു.
നളിനീസ് കിച്ചൻ റെസിപ്പി എന്ന യൂട്യൂബ് ചാനൽ വഴി 250ഓശം വീഡിയോകളാണ് ഇതുവരെ ഇറക്കിയത്. എന്നാൽ ഇത്രയും നാളായിട്ടും 2450 പേരെ മാത്രമാണ് സബ്‌സ്‌ക്രൈബേഴ്‌സ് ആയി ലഭിച്ചതെന്ന് ഇവർ പറയുന്നു. ഒരു രൂപ പോലും കിട്ടാത്തതിനാലാണ് താൻ ഈ പരിപാടി നിർത്തുന്നതെന്ന് നളിനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സ്റ്റുഡിയോയ്‌ക്ക് വേണ്ടി സജ്ജീകരിച്ച ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിൽക്കുകയാണെന്നും അവർ വ്യക്തമാക്കി.
യൂട്യൂബ് ചാനലിന് വേണ്ടി പണവും സമയം വെറുതെ കളഞ്ഞുവെന്നും, ജോലിയിൽ പോലും വെല്ലുവിളികൾ നേരിടേണ്ടി വന്നതായും ഇവർ പറയുന്നു. അതേസമയം ഉദ്യമത്തിൽ നിന്ന് പിന്മാറരുതെന്നും, ഇനിയും വീഡിയോകൾ ചെയ്യണമെന്നുമാണ് പലരും നളിനിയെ ആശ്വസിപ്പിച്ച് കൊണ്ട് കമന്റ് ചെയ്യുന്നത്. എന്നാൽ യൂട്യൂബിനെ വിശ്വസിച്ച് പണവും സമയവും കളയുന്നവർക്കുള്ള പാഠമാണിതെന്നാണ് എതിർഭാഗത്തിന്റെ വാദം.