നെടുമങ്ങാട്: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ കോടതിയിൽ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്റെ വിചാരണ അടിയന്തരമായി നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്.
എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വിചാരണ നടത്താൻ പ്രത്യേക കോടതികൾ ഉണ്ടെന്നും, ഈ കേസ് എംപി-എംഎൽഎ കോടതിയുടെ പരിധിയിൽ വരുന്നതാണെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെപ്പറ്റി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും അഭിഭാഷകൻ സൂചിപ്പിച്ചു. ഇത് വ്യക്തമാക്കി ഹർജി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കോടതി പരാമർശിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്. കഴിഞ്ഞ 18 വർഷമായി കേസിൽ തുടർനീക്കങ്ങൾ ഉണ്ടായിരുന്നില്ല.















