ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് അധികൃതരിൽ നിന്ന് ഭീഷണി ഉൾപ്പടെ മരിച്ച സാബു നേരിട്ടിരുന്നതായി ബന്ധു സണ്ണി പറഞ്ഞു. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.
35 ലക്ഷം രൂപയാണ് വ്യാപാരിയായ സാബു കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഇതിൽ 14 ലക്ഷം രൂപ തിരികെ നൽകി. എന്നാൽ ആശുപത്രിയിൽ ഭാര്യ ചികിത്സയിൽ തുടരുന്നതിനാൽ പണം ആവശ്യമായി വന്നു.
ഈ സാഹചര്യത്തിലാണ് നിക്ഷേപ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്നലെയാണ് പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയത്. എന്നാൽ പണം നൽകില്ലെന്നും പറഞ്ഞ് ജീവനക്കാർ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. സാബുവിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ജില്ലാ പൊലീസ് മേധാവി എത്താതെ മൃതദേഹം നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ബാങ്ക് പ്രസിഡൻ്റിനെയും ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. രാവിലെ മുതൽ തുടരുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ഇതിനിടയിൽ ഇന്ന് ഒരു മണി മുതൽ അഞ്ച് മണിവരെ ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപിയും കോൺഗ്രസുമാണ് കട്ടപ്പന നഗരസഭ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വ്യാപാരി വ്യവസായ ഏകോപന സമിതിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
ആളുകളെ പറഞ്ഞ് കബളിപ്പിച്ചാണ് ബാങ്കിലേക്ക് നിക്ഷേപകരെ എത്തിച്ചിരുന്നതെന്നും കഴിഞ്ഞ പത്ത് വർഷമായി ബാങ്ക് പ്രതിസന്ധിയിലാണെന്നും മുതിർന്ന ബിജെപി നേതാവ് ശ്രീനഗരി രാജൻ പറഞ്ഞു. ബാങ്കിലെ പണമെടുത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ഉൾപ്പടെ രണ്ട് പേരെ പുതുതായി നിയമിച്ചതും വിവാദമായിരുന്നു.