എറണാകുളം: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചി നഗരത്തിൽ പരിശോധന കർശനമാക്കി പൊലീസ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമുൾപ്പെടെ മദ്യവും മയക്കുമരുന്നും നഗരത്തിലെത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്. എറണാകുളം എസിപിയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സംശയാസ്പദമായി തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. 55 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത്.
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ലഹരിപാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് എറണാകുളം എസിപി പറഞ്ഞു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന ഉണ്ടായിരിക്കും. ലഹരിവസ്തുക്കൾ കണ്ടെടുക്കുന്നതിനുള്ള എല്ലാ പരിശോധനകളും നടത്തുമെന്നും എസിപി അറിയിച്ചു.
ലഹരി സംഘങ്ങളെ പിടികൂടുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ രഹസ്യമായി പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും.















